ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യ-സാംസ്കാരിക ചരിത്രം
1710-ല്‍ ഡച്ചുകാര്‍, നാട്ടിക അടക്കമുള്ള ഈ പ്രദേശം സാമൂതിരിയില്‍ നിന്നു പിടിച്ചെടുത്തു. 1789-ലെ ടിപ്പുവിന്റെ പടയോട്ടമാണ് ഇവിടെയുണ്ടായ എടുത്തുപറയത്തക്ക ഒരു ചരിത്രസംഭവം. അക്കാലത്ത് ടിപ്പു സഞ്ചരിച്ച വഴികളും, പീരങ്കിപ്പടയുടെ സഞ്ചാരത്തിനുവേണ്ടി തയ്യാറാക്കിയ വീഥികളുമാണ് പില്‍ക്കാലത്ത് ടിപ്പുസുല്‍ത്താന്‍ റോഡുകള്‍ എന്നറിയപ്പെട്ടത്. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടിയിലൂടെ ബ്രീട്ടീഷുകാര്‍ക്കു ലഭിച്ച മലബാര്‍, 1800-ല്‍ മദിരാശി പ്രവിശ്യയില്‍ ലയിപ്പിക്കപ്പെട്ടു. 1850-കളുടെ ആദ്യത്തില്‍ അന്നത്തെ മലബാര്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റായിരുന്ന എച്ച്.വി.കാനോലി, ആഴവും വീതിയും കൂട്ടി ഗതാഗതയോഗ്യമാക്കിയ ജലപാതയാണ് നാട്ടികയുടെ കിഴക്കുഭാഗത്തുകൂടി ഒഴുകുന്ന കാനോലി കനാല്‍. ഈ ഗ്രാമത്തിന്റെ ആദ്യകാലചരിത്രം അത്യന്തം ദയനീയമായിരുന്നു. ബ്രിട്ടീഷുകാരില്‍നിന്ന് പതിച്ചെടുത്ത കൃഷിഭൂമികള്‍ ജന്മികള്‍ അവരുടെ നിയന്ത്രണത്തിലാക്കി, ഈ പ്രദേശത്തെ വെളിമ്പറമ്പുകളും വയലുകളും മേല്‍പ്പാട്ടം ചാര്‍ത്തി നാട്ടുകാര്‍ക്കു കൊടുത്തു. പാട്ടക്കുടിയാന്മാര്‍ പലതരക്കാരായിരുന്നു. വെറും പാട്ടക്കാര്‍, മുന്‍ പാട്ടക്കാര്‍, പങ്കുപാട്ടക്കാര്‍, കാണക്കുടിയാന്മാര്, കുഴിക്കാണകുടിയാന്മാര് എന്നിങ്ങനെ പലതരം. 1887-ല്‍ ആണ് കുടിയാന്‍ കുഴിക്കൂര്‍ ആക്ട് നിലവില്‍ വന്നത്. കുടിയൊഴിപ്പിക്കലും പാട്ടം പൊളിച്ചെഴുത്തും തുടര്‍ന്നും നടന്നുകൊണ്ടിരുന്നു. 1957-ല്‍ നിലവില്‍ വന്ന കുടിയൊഴിപ്പിക്കല്‍ നടപടി നിരോധന ആക്ടും, കുടിയാന്മാരുടെ ദേഹണ്ഡത്തിന് നഷ്ടപരിഹാരം നല്‍കാനുള്ള നിയമവുമാണ് കര്‍ഷകര്‍ക്കാശ്വാസമേകിയത്. 1971-ല്‍ നടപ്പാക്കിയ 4-ാം ഭൂപരിഷ്ക്കരണ ഭേദഗതിനിയമമാണ് നാട്ടികയിലും ജന്മിത്തം അവസാനിക്കാന്‍ ഇടയാക്കിയത്. ഈ നിയമം നടപ്പാക്കികിട്ടുന്നതിനുവേണ്ടി ചെമ്മാപ്പിള്ളിയില്‍ നടന്ന മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരം എടുത്തുപറയേണ്ടതാണ്. ദേശീയരാഷ്ട്രീയരംഗം ചൂടുപിടിച്ചതോടെ ഒട്ടേറെ യുവാക്കള്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് എടുത്തുചാടി. എം.സി.ഗോവിന്ദന്‍, വി.വി.രാമന്‍, തളിക്കുളങ്ങര പീതാംബരന്‍, വി.ടി. സെയ്തുമുഹമ്മദ് തുടങ്ങിയവരായിരുന്നു അവരില്‍ പ്രമുഖര്‍. വിദേശവസ്ത്ര ബഹിഷ്കരണം, മദ്യവര്‍ജ്ജനം, അയിത്തോച്ഛാടനം നികുതിനിഷേധം നിസ്സഹരണ പ്രസ്ഥാനം എന്നീ സമരമുറകളില്‍ ഇന്നാട്ടുകാര്‍ പങ്കാളികളായിട്ടുണ്ട്. 1936-ല്‍ തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശനവിളംബരം ഉണ്ടായെങ്കിലും തൃപ്രയാര്‍ ക്ഷേത്രത്തിലേക്ക് അവര്‍ണര്‍ക്ക് പ്രവേശനം ലഭിച്ചത് വീണ്ടും ഒരു ദശകം കൂടി കഴിഞ്ഞിട്ടായിരുന്നു. ക്ഷേത്രപ്രവേശന നിഷേധത്തിനും അയിത്താചാരങ്ങള്‍ക്കുമെതിരായി സവര്‍ണമേധാവികളെ പരിഹസിക്കുന്നതിനു വേണ്ടി അരങ്ങേറിയതാണ് രസകരമായ കുറുക്കന്‍കുളം സംഭവം. തൃപ്രയാര്‍ തേവരുടെ ആറാട്ടിനിടയില്‍, സവര്‍ണപ്രമാണിമാരെ പേരെടുത്തുവിളിച്ച് കുറുക്കാ, കുറുക്കാ എന്ന് വിളിച്ച് ഓരിയിട്ട് ആക്ഷേപിച്ചതാണ് ഇതിനാധാരമായ കഥയായി അറിയപ്പെടുന്നത്. നാട്ടികയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന മുസ്ലീം ആരാധനാലയത്തിന് സമീപമുള്ള റോഡില്‍കുടി സഞ്ചരിച്ചിരുന്ന വിവാഹപാര്‍ട്ടിയിലെ സ്ത്രീകള്‍ മാറ് മറച്ചിരുന്നതിനെതിരെ സവര്‍ണ്ണ പ്രമാണിമാരുടെയും ഗുണ്ടകളുടേയും നിഷ്ഠൂരമായ മര്‍ദ്ദനമാണ് ഹരിജനമര്‍ദ്ദനത്തിലെ എടുത്തുപറയേണ്ട സംഭവം. ഇതിനെതുടര്‍ന്നാണ് മണപ്പുറം ഹരിജന്‍ സംഘം രൂപീകൃതമായത്. 1930-കളുടെ അവസാനത്തോടെയാണ് കമ്മ്യൂണിസ്റ്റ് സ്വാധീനം നാട്ടികയില്‍ അനുഭവപ്പെട്ടുതുടങ്ങിയത്. വടക്കേ മലബാറിലെ കര്‍ഷകസംഘങ്ങള്‍ ജന്മിമാര്‍ക്കെതിരെ നയിച്ച വീരസമരങ്ങളും പോലീസ്മര്‍ദ്ദനത്തിനു വിധേയമായി രക്തസാക്ഷിത്വം വരിച്ചവരുടെ ചരിത്രങ്ങളും ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുവാന്‍ തുടങ്ങി. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയാണ് (സി.എം.എസ്) ബ്ളാഹിയില്‍ വിദ്യാലയത്തിനു തുടക്കമിട്ടത്. ദേശീയ-രാഷ്ട്രീയ പ്രസ്ഥാനത്തോട് കൂറുപുലര്‍ത്തിയ ചെറുപ്പക്കാര്‍ വളര്‍ത്തിയെടുത്ത വായനശാലയ്ക്ക് ഗോപാലകൃഷ്ണ ഗോഖലെ വായനശാല എന്നു പേരിട്ടു. വായനശാലയോടനുബന്ധിച്ചുള്ള മൈതാനം ഇന്നും ഗോഖലെ മൈതാനം എന്നറിയപ്പെടുന്നു. 1936-ല്‍ പ്രശസ്ത സ്വാതന്ത്ര്യസമര നായകന്‍ സി.രാജഗോപാലാചാരി ഈ മൈതാനത്ത് പ്രസംഗിച്ചിട്ടുള്ളതും സ്മരണീയമാണ്. തൃപ്രയാര്‍ ഏ.യു.പി.സ്കൂളാണ് നാട്ടികയിലെ സ്കൂള്‍ചരിത്രത്തില്‍ ആദ്യത്തേത്. ചര്‍ച്ച് മിഷന്‍ സൊസൈറ്റി (സി.എം.എസ്) 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സ്ഥാപിച്ചതാണ് ഈ സ്കൂള്‍. 1963-ല്‍ സ്ഥാപിതമായ ട്രിച്ചൂര്‍ കോട്ടണ്‍മില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ സംഘടിത വ്യവസായഭൂപടത്തിലേക്ക് നാട്ടികയും ഉള്‍പ്പെട്ടു. 1929-ല്‍ വലപ്പാട്ട് ഡിസ്പന്‍സറി ആരംഭിച്ചതോടെയായിരുന്നു നാട്ടികയില്‍ അലോപ്പതിചികില്‍സാ സൌകര്യമെത്തുന്നത്. നാട്ടുവൈദ്യന്‍മാരുടെ പാരമ്പര്യ ആയൂര്‍വേദ ചികിത്സയായിരുന്നു അതിനുമുമ്പ് ഭൂരിപക്ഷംപേരും അവലംബിച്ചിരുന്നത്. 1940-41 കാലഘട്ടത്തില്‍ ഉണ്ടായ വെള്ളപ്പൊക്കവും കൊടുംകാറ്റും ഈ പ്രദേശത്തെ യാഥാര്‍ത്ഥത്തില്‍ പിടിച്ചുലക്കുകതന്നെ ചെയ്തു. ഇതിനെതുടര്‍ന്ന് പടര്‍ന്നുപിടിച്ച കോളറയും വസൂരിയും അനേകം പേരുടെ ജീവന്‍ അപഹരിച്ചു. 1970-ല്‍ സംസ്ഥാനത്ത് 10 ഡിസ്പെന്‍സറികള്‍ അനുവദിക്കുകയും അതില്‍ ഒന്ന് നാട്ടികയില്‍ പ്രവര്‍ത്തനം ആരംഭിക്കുയും ചെയ്തു. തെങ്ങുകൃഷിയും ഇടവിളയായി നടത്തുന്ന കവുങ്ങുകൃഷിയുമാണ് ഇവിടുത്തെ കൃഷിമേഖല. ബോധപൂര്‍വ്വം നികത്തികൊണ്ടിരിക്കുന്ന പാടശേഖരങ്ങളിലെ അശാസ്ത്രീയമായ തെങ്ങുകൃഷിയും ഭവനനിര്‍മ്മാണവും നീര്‍ക്കെട്ട് സൃഷിടിച്ചിരിക്കുന്നു. പഞ്ചായത്തിലെ കൃഷിസ്ഥലങ്ങളില്‍ പകുതിയിലേറെയും നെല്‍പാടങ്ങളായിരുന്നു. ഏകദേശം 25 വര്‍ഷങ്ങള്‍ക്കു മുമ്പുവരെ സജീവമായിരുന്ന നെല്‍കൃഷി, എണ്‍പതുകള്‍ ആയപ്പോഴേക്കും ഏറെക്കുറെ ഇല്ലാതാവുകയും, തൊണ്ണൂറുകള്‍ ആയപ്പോഴേക്കും പൂര്‍ണ്ണമായും നിലയ്ക്കുകയും ചെയ്തു. ആദ്യകാലങ്ങളില്‍ ഒറ്റവിള മാത്രം നടത്തിയിരുന്ന നെല്‍പാടങ്ങളില്‍ എള്ള്, കപ്പലണ്ടി, പച്ചക്കറികള്‍ തുടങ്ങിയവ ഇടക്കാലവിളകളായി നടത്തിയിരുന്നു. നെല്‍കൃഷി ഏറിയ ഭാഗവും പാട്ടവ്യവസ്ഥയിലും പങ്കുവ്യവസ്ഥയിലുമായിരുന്നു. പൂര്‍ണ്ണമായും കാലാവസ്ഥയെ ആശ്രയിച്ച് കൃഷി ചെയ്തിരുന്ന കാലത്ത് കൂട്ടിവിള/കൂട്ടിവിത എന്നറിയപ്പെട്ടിരുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. 1920-കളോടെ തുടങ്ങിയ സിലോണ്‍ കുടിയേറ്റവും, മദിരാശി സര്‍ക്കാര്‍ കൊണ്ടുവന്ന കുടിയായ്മാനിയമവുമാണ് നാട്ടിന്‍പുറങ്ങളില്‍ കാര്‍ഷികരംഗത്ത് ചില ചലനങ്ങള്‍ സൃഷ്ടിച്ചത്. അറുപതികളില്‍ നിലവില്‍വന്ന ഭൂപരിഷ്കരണനിയമവും, നാളികേരത്തിന് കൂടുതല്‍ വില കിട്ടി തുടങ്ങിയതും നെല്‍കൃഷിയെ പ്രതികൂലമായി ബാധിച്ചു. എഴുപതുകളില്‍ ആരംഭിച്ച്, എണ്‍പതുകളോടെ വര്‍ദ്ധമാനമായ ഗള്‍ഫുപണത്തിന്റെ ഒഴുക്ക്, പാടം നികത്തി തെങ്ങു വെക്കുന്നതിന്റേയും കെട്ടിടം വെക്കുന്നതിന്റേയും ആക്കം കൂട്ടി. സമ്പന്നരായിരുന്ന കൃഷിക്കാരും, പുത്തന്‍ പണക്കാരും കോള്‍പാടങ്ങളിലേക്ക് ശ്രദ്ധ തിരിച്ചതോടെ നാടന്‍ നെല്‍പ്പാടങ്ങള്‍ തീരെ അവഗണിക്കപ്പെടുകയും ഇന്നത് ഒരു സെന്റ് നെല്‍കൃഷിപോലും ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തിരിക്കുന്നു. ദാരികനും കാളിയും(മൂക്കന്‍ചാത്തന്‍), കുമ്മാട്ടി, പൂതാമുരി, പൊറോട്ട് നാടകം, ഐവര്‍കളി, കൈകൊട്ടികളി, കോല്‍ക്കളി, അറവനമുട്ട്, തുകിലുണര്‍ത്തുപാട്ട്, ഉടുക്കുകൊട്ട്, വില്ലടിച്ചാന്‍പാട്ട് തുടങ്ങിയവയായിരുന്നു ആദ്യകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന കലാരൂപങ്ങള്‍. ഇവയില്‍ മിക്കതും ജാതി അടിസ്ഥാനത്തിലും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുമാണ് നിലനിന്നിരുന്നത്. അമ്പലങ്ങളുടെ മതില്‍കെട്ടിനകത്ത് മാത്രം നടത്തിയിരുന്നവയായിരുന്നു ചാക്യൂര്കൂത്ത്, പാഠകം, പറയന്, കഥകളി, ഓട്ടം തുള്ളല്‍ തുടങ്ങിയവ. കാലക്രമത്തില്‍ ഇവയും പുറംസ്റ്റേജുകളിലേക്ക് മാറ്റി പ്രതിഷ്ഠിക്കപ്പെടാന്‍ തുടങ്ങി. യാഥാസ്ഥിതികവും പുരോമഗനപരവുമായ ആശയങ്ങള്‍ സമൃദ്ധമായി ഇത്തരം കലാരൂപങ്ങളില്‍ ആവിഷ്കരിക്കപ്പെട്ടിരുന്നു.